2010, നവംബർ 13, ശനിയാഴ്‌ച

അന്‍വറും ബാബുസേട്ടും നല്ല മുസ്ലിമും ചീത്ത മുസ്ലിമും

അന്‍വറും ബാബുസേട്ടും നല്ല മുസ്ലിമും ചീത്ത മുസ്ലിമും -മുഹമ്മദ് ശമീംപോപുലര്‍ സിനിമ എന്ന കപട നാമത്തില്‍ ഇന്ന് വ്യവഹരിക്കപ്പെടുന്ന കമ്പോള സിനിമകള്‍ (കമ്പോളത്തിന്റെയോ അത് നല്‍കുന്ന ആനന്ദത്തിന്റെയോ പ്രസക്തിയെ നിരാകരിച്ചുകൊണ്ടല്ല ഇതെഴുതുന്നതെന്ന് ആദ്യമേ മുന്‍കൂര്‍ ജാമ്യമെടുക്കട്ടെ) പലപ്പോഴും വ്യാജ ജനാഭിമുഖ്യങ്ങളെയും 'ജനപ്രിയ' ചേരുവകളെയും നിര്‍മിക്കുന്നതിന് അപകടകരമായ ചില കൂട്ടുകള്‍ നിര്‍മിക്കാറുണ്ട്. ചില വീരനായകന്മാരുടെ സൃഷ്ടിപ്പിലൂടെ നിലനില്‍ക്കുന്ന വ്യവസ്ഥിതി യഥാര്‍ഥത്തില്‍ ഭദ്രമാണെന്ന തോന്നല്‍ ചിലപ്പോള്‍ അവ സൃഷ്ടിക്കുന്നു. ഇനിയും ചിലപ്പോളാകട്ടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചര്‍ച്ചകളില്‍ വളരെ മാരകമായ ഇടപെടലുകള്‍ നടത്തുന്നു. കേരളീയ സമുദായത്തിനകത്തു പോലും അതിലെ അംഗങ്ങളുടെ ഉപബോധത്തെ പരസ്പരമുള്ള അവിശ്വാസത്തിന്റെ ആധാരത്തില്‍ നയിക്കുന്ന സ്വഭാവത്തിലുള്ള അവതരണങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. ഉള്ളുപൊള്ളയായ ഒരു 'പ്രേക്ഷക' സമൂഹത്തിന്റെ വികൃതവാസനകളെ തൃപ്തിപ്പെടുത്തി ലാഭം കൊയ്യാന്‍ മാത്രം ശ്രമിക്കുന്ന സമൂഹത്തെ ക്രിയാത്മകമായി നിര്‍മിച്ചെടുക്കുന്നതില്‍ ഒരു സംഭാവനയും അര്‍പ്പിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം കേവല കമ്പോള നിര്‍മിതികളെ ഗൌരവപൂര്‍വം ചര്‍ച്ചക്കെടുക്കാന്‍ നാം യഥാര്‍ഥത്തില്‍ മുതിരേണ്ടതില്ലെങ്കിലും 'ചരക്ക്' മാര്‍ക്കറ്റിലിറക്കുന്നത് ആദര്‍ശപരമായ അവകാശവാദങ്ങളോടു കൂടിയാവുകയും മേല്‍സൂചിപ്പിച്ച ബോധനിര്‍മിതിയില്‍ അത് പങ്കുവഹിച്ചേക്കാമെന്നു വരികയും ചെയ്യുമ്പോള്‍ ചിലതെല്ലാം പറയാന്‍ നിര്‍ബന്ധിതരാവുന്നു.

ചര്‍ച്ച ചെയ്യുന്നത് 'അന്‍വര്‍' എന്ന സിനിമയെക്കുറിച്ചായതു കൊണ്ടും അതിന്റെ പ്രതിപാദ്യ വിഷയം മുസ്ലിം ഭീകരത എന്ന സമകാലീനമായ 'ഏറ്റവും ഗുരുതരവും അപകടകരവുമായ' സാമൂഹിക ദുരന്തമായതുകൊണ്ടും ചില കാര്യങ്ങള്‍ ആദ്യമേ സൂചിപ്പിക്കേണ്ടതുണ്ട്. 'ഗുഡ് മുസ്ലിം-ബാഡ് മുസ്ലിം ദ്വന്ദ്വം' എന്നത് ഇപ്പോള്‍ വളരെ വ്യാപകമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇതില്‍ത്തന്നെ ചില പൊതു പ്രവണതകളുണ്ട്. ഒരു ഭാഗത്ത് എല്ലാ തിന്മകളും മുസ്ലിമില്‍ നിന്നാണുണ്ടാവുന്നതെന്ന് ഈ ചര്‍ച്ചകള്‍ തോന്നിക്കുന്നു. അതോടൊപ്പം തന്നെ അങ്ങനെയല്ലാതെയും മുസ്ലിമിന് പറ്റും എന്ന സാന്ത്വനവും. "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ലിംകളാണ്'' എന്ന തൊഗാഡിയയുടെ ഒന്നാം നിയമം ഇതിനുദാഹരണമാണ്. എങ്ങനെയാണ് മുസ്ലിം നിലനില്‍ക്കാനര്‍ഹതയുള്ളവനും നല്ലവനുമാകുന്നത് എന്നു ചോദിച്ചാല്‍, 'അവന്‍ അവന്റെ വിശ്വാസങ്ങളും സ്വത്വസവിശേഷതകളും കൈയൊഴിച്ചാല്‍' എന്ന്
വ്യംഗ്യമായ മറുപടി.


'നല്ല മുസ്ലിം' എന്നാല്‍...


മുസ്ലിം സ്വത്വം ആധുനികതയോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ പല കാരണങ്ങളാലും നിര്‍ബന്ധിതമായിട്ടുണ്ട്. എന്നാല്‍ ആധുനികതയാണ് നല്ല മുസ്ലിം എന്നതിന് നിര്‍വചനങ്ങള്‍ നല്‍കുന്നത്. ജനവിരുദ്ധ ആധുനികതയായ സങ്കുചിത ദേശീയതയും നല്ല മുസ്ലിം എന്നതിന് ഭാഷ്യങ്ങള്‍ നല്‍കുന്നു. ഈ ദേശീയതയുടെയും ആധുനികതയുടെയും ഒരു സമഗ്ര പ്രതിനിധാനമാണ് അന്‍വര്‍ എന്ന കഥാപാത്രം. ചിത്രത്തിന്റെ ഏറ്റവുമവസാനത്തില്‍ 'ആദര്‍ശ മുസ്ലിംക'ളായ അന്‍വറും ആഇശാ ബീഗവും (പൃഥ്വിരാജ്, മമ്താ മോഹന്‍ദാസ്) ഏതാണ്ട് അല്‍പവസ്ത്രധാരികളായി ലഡാക്കില്‍ വെച്ച് (ഇതൊരു ലടാക്കിലെ പടമായിപ്പോയല്ലോ പടച്ചോനേ!) ആടിപ്പാടുന്ന രംഗവും സിനിമയുടെ പ്രമേയവും തമ്മിലുള്ള ബന്ധമെന്ത് എന്ന് ചിലരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഇത് കേവലമൊരു സിനിമാറ്റിക് മസാലയല്ലെന്നും ഇങ്ങനെയൊക്കെയാണ് 'അന്‍വര്‍' ഒരു ആധുനിക ഗുഡ് മുസ്ലിമിനെ പ്രതിനിധീകരിക്കുന്നതെന്നും ചിന്തിച്ചാല്‍ ബോധ്യപ്പെടും.

നല്ല മുസ്ലിമിന്റെ 'സ്വദേശി വ്യാഖ്യാനങ്ങള്‍' മലയാള സിനിമ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. വന്ദേമാതരം പാടി 'ശഹീദാ'വുന്ന 'ദാദാസാഹിബും' പരിത്യജിക്കപ്പെട്ട് ഉണ്ണികൃഷ്ണനില്‍ അഭയം തേടുന്ന ഉമ്മയും (മിഴികള്‍ സാക്ഷി) എല്ലാം ഉദാഹരണം. ഈ ദേശീയതയോട് ആധുനികതയെക്കൂടി മിക്സു ചെയ്യുന്ന 'അന്‍വര്‍' സിനിമയില്‍ ആദര്‍ശ മുസ്ലിംകളെന്നാല്‍ മുസ്ലിം ചിഹ്നങ്ങളോടു പോലും വൈമുഖ്യമുള്ളവരുമാണ്. അന്‍വറിന്റെ ഉമ്മയെയും(ഗീത) സഹോദരിയെയും പോലീസ് ചോദ്യം ചെയ്യുമ്പോളൊഴിച്ച് ആഇശാ ബീഗത്തെയും ബാബു സേട്ടിന്റെ സഹോദരിയെയു(കുക്കു)മൊന്നും നാം മഫ്തയോ മറ്റോ ധരിച്ചു കാണുന്നില്ല (സായികുമാര്‍ അവതരിപ്പിക്കുന്ന ഉപ്പയുടെ നെറ്റിയിലെ തഴമ്പ് മറക്കുന്നില്ലെങ്കിലും). നമസ്കാരം എന്ന അനുഷ്ഠാനത്തെ ബാബുസേട്ട് എന്ന ദേശവിരുദ്ധ മുസ്ലിമുമായി നന്നായി ഇഴുക്കിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.മുസ്ലിം എന്ന ഭീകരന്‍


മുസ്ലിം തീവ്രവാദം, വര്‍ഗീയത തുടങ്ങിയവ പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്ന വാദം തൊടുപുഴ കൈവെട്ടു സംഭവത്തിനു മുമ്പോ ശേഷമോ ഇതെഴുതുന്നയാള്‍ക്കില്ല. കൊളോണിയല്‍ ഭരണവും വിഭജനവും വിഭജനകാലത്തെ കൂട്ടക്കൊലകളുമെല്ലാം ഉത്തരേന്ത്യന്‍ സമുദായത്തില്‍ സൃഷ്ടിച്ചിട്ടുള്ള വിള്ളലുകള്‍ വളരെ മാരകമായിരുന്നുവല്ലോ? ഇതിന്റെ തുടര്‍ച്ചയായും പശ്ചാത്തലത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവരുന്ന വര്‍ഗീയതയെയും കാലുഷ്യത്തെയും കാണാന്‍ പറ്റും. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ ഈ അകല്‍ച്ചയെ വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ ഭിന്നമായ സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ ഏതെങ്കിലും നിലക്കുള്ള ചെറുതോ വലുതോ ആയ കലുഷതകള്‍ നിര്‍മിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

എല്ലാ അവിശ്വാസങ്ങളെയും അകല്‍ച്ചകളെയും കുറച്ചുകൊണ്ടുവന്ന് സൌഹൃദാന്തരീക്ഷം സ്ഥാപിക്കാന്‍ യത്നിക്കുകയെന്നത് ഇക്കാലത്തെ ഏറ്റവും മുഖ്യമായ സാംസ്കാരിക ദൌത്യമാകേണ്ടതാണ്. ഇക്കൂട്ടത്തില്‍ പ്രസ്താവ്യമായ മറ്റൊരു കാര്യം കൂടിയുണ്ട്. മുസ്ലിംകളുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് സംഭവങ്ങളെ കേരളത്തിലെ മുസ്ലിംകള്‍ അവിശ്വസനീയമായ സമചിത്തതയോടെയാണ് നേരിട്ടത്. അബ്ദുന്നാസര്‍ മഅ്ദനിയുടെ അറസ്റാണ് ഇതില്‍ ഒന്നാമത്തേത്. 'നല്ലവന്‍' എന്ന കോളത്തില്‍ മഅ്ദനിയെ പെടുത്തുകയോ പെടുത്താതിരിക്കുകയോ ചെയ്യാം. മഅ്ദനി എന്ന വ്യക്തിയോടോ അദ്ദേഹം തന്റെ സാമൂഹിക ഇടപെടലുകളില്‍ ആദ്യകാലത്ത് സ്വീകരിച്ചിരുന്ന നിലപാടുകളോടോ അദ്ദേഹത്തിന്റെ സംഘടനയോടോ യോജിപ്പും അനുഭാവവുമുള്ളവര്‍ കേരളത്തില്‍ വളരെ വിരളമാണെന്നു തോന്നുന്നു. എന്നാല്‍ മഅ്ദനിക്കെതിരായ നീക്കങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനെതിരെയുള്ള നീക്കങ്ങളായി കേരള മുസ്ലിംകള്‍ക്കു തോന്നിയിരുന്നു. ഇതിന്റെ ശരി തെറ്റുകളെ വേറെ വിശകലനം ചെയ്യാം. മുസ്ലിമിന്റെ മനസ്സ് മഅ്ദനിയോടൊപ്പം നിന്നു; വളരെ വൈകാരികവും തീവ്രവുമായിത്തന്നെ. എന്നിട്ടും ഭരണകൂട ഗൂഢാലോചനകള്‍ താല്‍ക്കാലികമായെങ്കിലും വിജയം നേടിയപ്പോള്‍ അസാധാരണമായ സംയമനം പാലിച്ചു.

രണ്ടാമത്തെ സംഭവം ബാബരി മസ്ജിദ് വിധിയാണ്. ലജ്ജാകരമായ പക്ഷപാതിത്വത്തോടെയുള്ള ഒരൊത്തുതീര്‍പ്പായിരുന്നല്ലോ അത്. ആറു പതിറ്റാണ്ടുകള്‍ നീണ്ട ഒരു വ്യവഹാരത്തിന്റെ അന്ത്യം വളരെയേറെ മാനഹാനിയുണ്ടാക്കിയ ഒന്നായിരുന്നിട്ടും, 'തീവ്രവാദത്തിനെതിരെ' പേനയും പിടിച്ച് തയാറായി നിന്ന 'സെക്കുലര്‍' അപ്പോസ്തലന്മാരെ സമുദായം നിരാശപ്പെടുത്തിക്കളഞ്ഞു.
എന്നാല്‍ ഈ മാനസികാവസ്ഥയെ ശ്ളാഘിക്കാനും വളര്‍ത്താനുമുള്ള താല്‍പര്യം നമ്മുടെ മാധ്യമങ്ങളില്‍ കണ്ടില്ല. സെന്‍സേഷന്‍ സൃഷ്ടിച്ചുകൊണ്ട് കമ്പോള വിജയം നേടുന്നതിലായിരുന്നു അവരുടെയും ശ്രദ്ധ. സഹിഷ്ണുവായ മുസ്ലിമിന് കമ്പോളമൂല്യമില്ല. തീവ്രവാദിയാകുമ്പോള്‍ മാത്രമാണ് അവന്‍ വില്‍പന സാധ്യതയുള്ളൊരു ചരക്കാവുന്നത്.

ഈ സാധ്യതയെത്തന്നെയാണ് നമ്മുടെ സിനിമകളും പലപ്പോഴും അന്വേഷിക്കുന്നത്. ഇത്തരത്തിലൊരു ശ്രമം തന്നെയാണ് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന സിനിമയും. മുകളില്‍ സൂചിപ്പിച്ച ബാബരി മസ്ജിദ് വിഷയത്തിനു ശേഷം ഉണ്ടായ ഒന്ന് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അതോടൊപ്പം ഈ ചിത്രത്തിലെ ബാഡ് മുസ്ലിം പ്രതിനിധാനമായ ബാബുസേട്ടിനെ(ലാല്‍) മഅ്ദനിയുടെ പ്രതിഛായയിലാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്നതും ഇത് മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകളെ കൂടുതല്‍ മാരകമാക്കുന്നു.


അന്‍വറും അന്‍വാറുശ്ശേരിയും


ഇത്തരമൊരു സിനിമയെ അതിന്റെ സൌന്ദര്യശാസ്ത്രപരമായ നിലപാടില്‍ ചര്‍ച്ച ചെയ്യുന്നതില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും സഹിക്കാന്‍ പറ്റാത്തവിധം വഷളായിരുന്നു ചിത്രം എന്നു പറയേണ്ടതുണ്ട്. നീരദിന്റെ ആദ്യചിത്രമായ ബിഗ് ബിയുടെ അതേ അറുബോറന്‍ ട്രീറ്റ്മെന്റ്. നായകന്റെ അമാനുഷ ശേഷി പ്രകടിപ്പിക്കാനൊരുക്കുന്ന പരിഹാസ്യ സന്ദര്‍ഭങ്ങള്‍ ഏതൊരു താരസര്‍ക്കസിനെയും വെല്ലും. ബാലമംഗളം ബാലമാസികയിലെ ശക്തിമരുന്നു കഴിച്ച നമ്പോലനായോ ഡിങ്കന്‍ എന്ന എലിയെയോ പോലെ (എതിരാളിക്കൊരു പോരാളി) ബാലിശമായ സന്ദര്‍ഭങ്ങളാണ് നമ്മുടെ സിനിമക്കാര്‍ കോടികള്‍ ചെലവഴിച്ച് സൃഷ്ടിക്കുന്നതും 'ആസ്വാദകര്‍' ശ്വാസം വിടാതെ കണ്ടു കൈയടിക്കുന്നതും.

അന്‍വര്‍ എന്ന ആദര്‍ശ കഥാപാത്രത്തെ ഇസ്ലാമിന്റെ തന്നെ ഒരു 'മറു' വായനയായെങ്കിലും അവതരിപ്പിക്കുന്നത് അതിദുര്‍ബലമായിട്ടാണ്. ഇയാള്‍ തീവ്രവാദത്തിനെതിരെ പോരാടുന്നത് ആദര്‍ശ പ്രചോദിതനായിട്ടൊന്നുമല്ല. കോയമ്പത്തൂരിലെ സ്ഫോടനത്തില്‍ ഉപ്പയും ഉമ്മയും പെങ്ങളും മരിച്ചതിന് പ്രതികാരം ചെയ്യാനും ജയിലിലായ, തന്റെ നിരപരാധിയായ കാമുകിയെ രക്ഷിക്കാനുമത്രേ. (ഇങ്ങനെയൊരു കഥയെങ്കിലുമില്ലാതെങ്ങനാ മുസ്ലിമിനെ നല്ലവനും ദേശസ്നേഹിയുമാക്കുന്നത്?). പിന്നെയുള്ളത് നിസ്കാരത്തഴമ്പുള്ള ഉപ്പ നല്‍കുന്ന സാരോപദേശങ്ങളാണ്. അതിനെ ഇസ്ലാമുമായി ഒരു നിലക്കും ബന്ധപ്പെടുത്തുന്നുമില്ല.
കോയമ്പത്തൂരിലെ സ്ഫോടനം ആസൂത്രണം ചെയ്യുന്നതും എക്സ്പ്ളോസീവുകള്‍ നിര്‍മിക്കുന്നതുമെല്ലാം ബാബുസേട്ട് (എന്ന അബ്ദുന്നാസര്‍ മഅ്ദനി) ആണ്. ഈ കഥാപാത്രമാണ് ശരിക്കുള്ള മുസ്ലിം എന്ന തോന്നലാണ് പടം ഉല്‍പാദിപ്പിക്കുന്നതും. എന്നു വെച്ചാല്‍ 'അന്‍വാറുശ്ശേരി' എന്നത് സര്‍വഭീകരതയുടെയും (എറണാകുളം, ബാംഗ്ളൂര്‍, മുംബൈ.. എല്ലാറ്റിനും സമാനമോ അതുതന്നെയോ ആയിട്ടുള്ള സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്) ഉല്‍പാദനകേന്ദ്രമായ ഒരു യാഥാര്‍ഥ്യവും, അന്‍വര്‍ എന്നത് ഇതുവരെയുണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാവാനിടയില്ലാത്തതുമായ (തന്റെ വേണ്ടപ്പെട്ടവര്‍ കൊല്ലപ്പെട്ടെങ്കിലല്ലാതെ) ഒരു സങ്കല്‍പവും എന്ന കണ്‍ക്ളൂഷന്‍. തീവ്രവാദമുണ്ടാകുന്നതിനുള്ള കാരണങ്ങളെയും ചിത്രം വളരെ ബാലിശമായിത്തന്നെ സമീപിക്കുന്നു. ബാബുസേട്ടിന്റെ പിതാവിനെ ഒരു കൂട്ടം വര്‍ഗീയവാദികള്‍ കൊന്നുകളഞ്ഞു, തീര്‍ന്നു. നോക്കൂ, ആളുകളെ തീവ്രവാദത്തിലേക്കു നയിക്കുന്ന സാമൂഹിക രാഷ്ട്രീയ കാരണങ്ങളെ എത്ര നിസ്സാരമായി ലഘൂകരിച്ചിരിക്കുന്നു! എല്ലാ തീവ്രവാദങ്ങളോടും വിയോജിച്ചു കൊണ്ടുതന്നെ തന്നെ ചോദിക്കട്ടെ, സത്യത്തില്‍ ഇത്ര ലളിതമാണോ പ്രശ്നം?

ഭരണകൂടത്തിന്റെ ഗൂഢാലോചനകളുടെ ഇരയായി ജീവിതം ദുരിതമായിത്തീര്‍ന്ന ഒരു മനുഷ്യന്റെ പ്രതിഛായയില്‍ ആരും വെറുക്കുന്ന ഒരു വില്ലനെ സൃഷ്ടിക്കാന്‍ പോലുമൊരുമ്പെടുന്ന -സാഗര്‍ ഏലിയാസ് ജാക്കിയെ പുനഃസൃഷ്ടിക്കുന്ന ഒരാളുടെ പ്രചോദനം എന്തായാലും സാമൂഹിക പ്രതിബദ്ധതയാവാനിടയില്ലെന്നു കരുതട്ടെ - നമ്മുടെ കമ്പോള സിനിമയുടെയും മറ്റ് മാധ്യമങ്ങളുടെയും ശ്രമങ്ങളെ നാം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക തന്നെ വേണ്ടതുണ്ട്.

www.prabodhanam.net