2010, ഡിസംബർ 4, ശനിയാഴ്‌ച

ഒരു നിമിഷം!!

സുഹൃത്തെ, ക്ഷമിക്കണം. ചോദിക്കാതെ വയ്യ. മുടി കറുത്തതാണ് എന്നതുകൊണ്ടുമാത്രം നരച്ച നിലപാടുകളുള്ള ഒരാളെ യുവാവെന്ന് വിളിക്കാമോ? കണ്ണടയില്ലെന്ന ഒറ്റക്കാരണത്താല്‍ അയാളുടെ കാഴ്ചപ്പാടുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെന്ന് നമുക്ക് പറയാമോ? ആരോ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ വലിയവായില്‍ ഏറ്റുവിളിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ വിപ്ലവകാരിയായിരിക്കുമെന്നു കരുതാമോ?

ഇല്ല, ഇല്ല, എന്നാണുത്തരമെങ്കില്‍ ആശ്വാസമായി. താങ്കളില്‍ യുവത്വം ബാക്കിയുണ്ട്. കരുത്തുറ്റ നിലപാടുകള്‍, തീക്ഷ്ണമായ കാഴ്ചപ്പാടുകള്‍, തളരാത്ത വിപ്ലവബോധം ഇതൊക്കെയാണല്ലോ യുവത്വത്തിന്റെ സവിശേഷതകള്‍. ഇതൊന്നുമില്ലാത്തവന്റേത് എന്ത് യുവത്വം? എന്ത് യൗവ്വനം?എന്തിനിതൊക്കെ പറയുന്നു എന്നാണോ? നമ്മുടെ പ്രിയപ്പെട്ട നാടിനെ വീണ്ടെടുക്കാനും നേരെ നടത്താനും യുവാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്‍ക്കൊണ്ടാവില്ലെന്നത് നാം അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. എന്നിട്ടെന്ത്; ഇപ്പോള്‍ ഭരിച്ചു മുടിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ജനം മുമ്പേ ഭരിച്ചുമുടിച്ചവരെ വീണ്ടും അധികാരമേല്‍പ്പിക്കുന്നു. രാഷ്ട്രീയമുക്തമാവേണ്ട പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടിയേമാന്മാരെ നാം ഭരണത്തിലേറ്റുന്നു. തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികളും പോര്‍വിളികളും മുറുകുമ്പോള്‍ നാം ഗാന്ധിജിയെയും വികസനത്തെയും സൗകര്യപൂര്‍വം വഴിവക്കിലിരുത്തുന്നു. അഴിമതിക്കും പകല്‍ക്കൊള്ളക്കും തോന്നിവാസിങ്ങള്‍ക്കും മാപ്പുനല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളമെത്താത്ത കുടിലും സൗകര്യപൂര്‍വം മറന്നുപോവുന്നു. പിന്നെ നമുക്ക് പാര്‍ട്ടിയാണ് മതം. ചിഹ്നമാണ് ദൈവം. ഇനി നമ്മള്‍ ജനം തോറ്റാലെന്ത്, പാര്‍ട്ടി ജയിച്ചല്ലോ എന്നതാണാശ്വാസം. ഈ ആശ്വാസത്തിന്റെ സൗകര്യത്തിലാണ് നാടിന്റെ കാവലേറ്റവര്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും മൂകസാക്ഷിയാക്കി ലക്ഷം കോടികള്‍ വെട്ടിവിഴുങ്ങുന്നത്. നമ്മള്‍ ജയിപ്പിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഉളുപ്പില്ലാതെ ഇത്തരക്കാരെ ന്യായീകരിക്കുന്നതും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും. കീടനാശിനിയുടെ പ്രയോഗമേറ്റ് കീടങ്ങളെപ്പോലെ പിടയുന്ന മനുഷ്യജന്മങ്ങളെ കണ്ണുകൊണ്ട് കണ്ടിട്ടും നെഞ്ചുരുകാത്ത നിഷ്ഠൂരന്മാരെ തെരഞ്ഞെടുത്തതും നമ്മള്‍ തന്നെയാണ്. ഇതൊക്കെ സഹിച്ച് തീര്‍ക്കുക എന്നതാണോ നമ്മുടെ നാടിന്റെ വിധി. അല്ലേ അല്ല. നമ്മുടെ നാടും അതിന്റെ സാഹചര്യവവും മാറിയേതീരൂ എന്ന കാര്യത്തില്‍ നമുക്ക് സംശയമേയില്ല. തീര്‍ച്ചയായും മാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ടത് വിപ്ലവബോധമുള്ള യുവാക്കള്‍ തന്നെയാണ്. നാടിന്റെ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തേണ്ടത് യുവത്വത്തിന്റെ ഗര്‍ജ്ജനമാണ്. നെറികേടുകളെ നെഞ്ചുവിരിച്ച് നേരിടേണ്ടത് യുവത്വത്തിന്റെ ആര്‍ജ്ജവം കൊണ്ടാണ്. യുവത്വം ഇങ്ങിനെയൊക്കെ ആയിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, കേരളത്തിന്റെ തെരുവോരങ്ങളിലേക്കൊന്ന് കണ്ണോടിച്ചുനോക്കൂ. ഓടകളില്‍ മുഖംകുത്തി അടിവസ്ത്രം മാത്രമണിഞ്ഞ് ലക്കുകെട്ട് കിടക്കുന്നത് നമ്മുടെ യുവത്വം തന്നെയല്ലേ? കഴിഞ്ഞ സായാഹ്‌നത്തില്‍ വിളിച്ച വിപ്ലവമുദ്രാവാക്യങ്ങള്‍ പോക്കറ്റിലിട്ട് ഇനിയവനുറങ്ങും. സ്വന്തം പെങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുന്നതറിയാതെ; നാടിന്റെ മുതലുകള്‍ കൊള്ള ചെയ്യപ്പെടുന്നതറിയാതെ; മാഫിയാ സംഘങ്ങളുടെ വാള്‍ത്തലപ്പുകള്‍ മിന്നിമറയുന്നതറിയാതെ. അവനെ ഉണര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. നമുക്ക് മദ്യത്തിന്റെ റവന്യൂവരുമാനമാണ് വലുത്. യുവാക്കള്‍ രോഷത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് വീശിയ റാലികളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ഭവ്യതയോടെ ശാന്തമായി അവരില്‍ പലരും വരിനില്‍ക്കുകയാണ്. ചില്ലറ മദ്യവില്‍പ്പനശാലകള്‍ക്കു മുമ്പില്‍. ബാക്കിയുള്ള യുവാക്കളെവിടെ? ഭാഗ്യം കാത്ത് കാത്ത് ജീവിതം തുലക്കുന്ന യുവനിര്‍ഭാഗ്യവാന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ എല്ലാം തുലഞ്ഞാല്‍ ഒടുവില്‍ ആത്മഹത്യ ചെയ്യുകയാണെന്നും വിലപിക്കുന്നത് നാടുഭരിക്കുന്ന മുഖ്യമന്ത്രി. ചൂതാട്ടത്തിന് പരിഹാരം സംവാദമാണെന്ന് ധനമന്ത്രി. ചൂതാട്ടമാഫിയക്ക് വേണ്ടി കേസ് വാദിക്കാന്‍ നല്ലത് നേതാവ് തന്നെയെന്ന് ദേശീയപാര്‍ട്ടി. ലോട്ടറി മാഫിയകളുടെ മൗലികാവകാശം നിഷേധിക്കരുതെന്ന് നീതിന്യായം. എല്ലാം കേരളത്തിന്റെ സൗഭാഗ്യം. സംവാദം തീരുന്നതുവരെ യുവാക്കള്‍ ലോട്ടറിക്കടകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കട്ടെയെന്ന് തന്നെ.

പൗരന് കാവലാകേണ്ട ഭരണകൂടം ഒറ്റുകാരും ദല്ലാള്‍മാരുമായി അധഃപതിച്ചിരിക്കുന്നു. വികസനമെന്നപേരില്‍ അവര്‍ വില്‍പന പൊടിപൊടിക്കുന്നു. മണ്ണും കുന്നും കായലും കടലും കാടും റോഡും.... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വില്‍ക്കാനെന്തുണ്ട് ബാക്കി? കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചും വയലുകള്‍ ഒന്നാകെ നികത്തിയെടുത്തും സിമന്റ്കൂടുകള്‍ പണിതുയര്‍ത്തുന്നു. ഇത് വികസനമല്ല വിനാശമാണെന്നു പറയേണ്ടതാരാണ്? രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യം കാശുറപ്പിച്ച് കൈമാറുന്ന സാമ്രാജ്യത്വ സേവകരാണിന്ന് നാടു ഭരിക്കുന്നത്. ചെറുത്തുനില്‍ക്കേണ്ടവര്‍ കിടന്നുറങ്ങുമ്പോള്‍ തെരുവുകള്‍ ഓരോന്നായി അഭയാര്‍ഥികളുടെ നിലവിളികൊണ്ട് നിറയുകയാണ്. ചങ്കുറപ്പുള്ള യുവാക്കളില്ലെന്ന ധൈര്യത്തിലല്ലേ വികസനരാക്ഷസന്മാര്‍ നാടിന്റെ നെഞ്ചിലേക്ക് ബുള്‍ഡോസറുരുട്ടുന്നത്?യുവസുഹൃത്തെ,സത്യം പറയൂ.... താങ്കളുടെ മനസ്സാക്ഷി ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ? അന്തസ്സ്‌കെട്ട പാര്‍ട്ടിക്കൊടികള്‍ പിടിച്ച്, പഴകിപ്പുളിച്ച മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് നാം എത്രകാലമാണീ നെറികേടുകളെ നോക്കിനില്‍ക്കുക. ഇത് നമ്മുടെ കൂടി നാടല്ലേ? ആര്‍ത്തിയുടെ ഏജന്റുമാര്‍ തിന്നുതീര്‍ക്കുന്നത് നമ്മുടെ കൂടി സമ്പത്തല്ലേ? വമ്പന്മാരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് നമ്മുടെ തന്നെ മണ്ണല്ലേ? തെരുവോരങ്ങളില്‍ നിസ്സഹായമായി നിലവിളിക്കുന്നത് നമ്മുടെ കൂടി ചോരയല്ലേ? നമ്മുടെ പ്രിയപ്പെട്ട ഈ നാടിനുവേണ്ടിയും ജനതക്കുവേണ്ടിയും, അല്ല നമുക്കുവേണ്ടി നാം എന്തെങ്കിലും ചെയ്‌തേ തീരൂ.നാടിനുവേണ്ടിയുള്ള ഏത് നല്ല കാല്‍വെപ്പിലും താങ്കളുടെ കൂടെ സോളിഡാരിറ്റിയുണ്ടാകും. യുവത്വം ബാക്കിനില്‍ക്കുന്നവരുടെ ഒത്തുചേരലാണ് സോളിഡാരിറ്റി. സോളിഡാരിറ്റിയെന്നാല്‍ ഐക്യദാര്‍ഡ്യം എന്നാണര്‍ഥം. ധര്‍മത്തോടും നീതിയോടുമുള്ള ഐക്യദാര്‍ഡ്യം. അധര്‍മത്തോടും അനീതിയോടുമുള്ള ചെറുത്തുനില്‍പ്പ്. അതുതന്നെയാണീ യുവജനപ്രസ്ഥാനം. എന്താണ് തെളിവ്? മറ്റൊന്നുമല്ല. സോളിഡാരിറ്റി ഈ മണ്ണില്‍ ജീവിച്ച ഏഴുവര്‍ഷങ്ങള്‍. അതിന്റെ ജീവിതം തന്നെയാണിതിനൊക്കെ സാക്ഷി.സംശയമുണ്ടെങ്കില്‍ കുടിവെള്ളത്തിനുവേണ്ടി നിലവിളിച്ച പ്ലാച്ചിമടയിലെ ഗ്രാമീണരോടു ചോദിക്കൂ, സോളിഡാരിറ്റിയെ അറിയാമോയെന്ന്. ആ ഗ്രാമമാണല്ലോ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത്. അല്ലെങ്കില്‍ ചെങ്ങറയില്‍ മണ്ണിനുവേണ്ടി ഭരണകൂടത്തോട് കയര്‍ത്ത പച്ചമനുഷ്യരോട്. അതുമല്ലെങ്കില്‍ തീരങ്ങള്‍ തിരിച്ചുപിടിക്കാനിറങ്ങിയ കടലിന്റെ മക്കളോട്, ആറാട്ടുപുഴയിലെ സാധാരണക്കാരോട്, കുത്തകയെ ചെറുത്ത വ്യാപാരികളോട്, കിനാലൂരിലെ ജനങ്ങളോട്. അവരൊക്കെ സോളിഡാരിറ്റിയെ അറിയും. അവരോടൊപ്പമാണ് സോളിഡാരിറ്റി മുഖവും മതവും നോക്കാതെ സമരം ചെയ്തത്. നോട്ട് വാങ്ങാതെ ചെറുത്തുനിന്നത്. നെഞ്ചുറപ്പോടെ പോരാടിയത്. ഇനി ഇവിടുത്തെ ഭരണ മേലാളന്മാരെപ്പോലെ താങ്കളും ചോദിക്കുമോ എന്തിനാണ് 'വികസന'ത്തെ എതിര്‍ത്തതെന്ന്? വികസനത്തെ സോളിഡാരിറ്റി എതിര്‍ക്കാറില്ല. വികസനഭീകരതകളെ നോക്കിനില്‍ക്കാറുമില്ല. മനുഷ്യരെ തുരത്തുന്നത്, മണ്ണില്‍ വിഷം ചൊരിയുന്നത് എന്ത് വികസനമാണ്? അതുകൊണ്ടാണ് മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത് വേണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നത്. ദേശീയപാത വില്‍ക്കാതെ വികസിപ്പിക്കണമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. കാട്ടാമ്പള്ളിയിലെ പാടശേഖരങ്ങളില്‍ ജനങ്ങളോടൊപ്പം കൃഷിയിറക്കിയതും കേരളത്തിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ പണിതതുമൊക്കെ സോളിഡാരിറ്റിയുടെ വികസന സംരംഭങ്ങള്‍ തന്നെയാണ്. കൂടുതലറിയാന്‍ കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ നക്കിത്തുടച്ച ഗ്രാമങ്ങളിലേക്ക് പോവണം. അവിടെ സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസപദ്ധതി താങ്കളുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താതിരിക്കില്ല. എന്‍ഡോസള്‍ഫാന്റെ ഇരകളെക്കുറിച്ച് സ്‌ക്രീനിലിരുന്ന് വലിയവായില്‍ ടോക്‌ഷോ നടത്തുന്നവര്‍ സോളിഡാരിറ്റിയെക്കുറിച്ച് ഒന്നും പറയില്ല. പക്ഷേ, കാസര്‍കോട്ടെ പച്ചമനുഷ്യര്‍ സോളിഡാരിറ്റി ഏറെക്കാലമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ ഒരിക്കലും മറക്കില്ല. ഇനിയും അറിയണമെങ്കില്‍ സോളിഡാരിറ്റി നടപ്പാക്കിയ ഏതെങ്കിലും കുടിവെള്ളപദ്ധതി സന്ദര്‍ശിക്കുക. വികസനത്തിന്റെ ജനകീയ ഭാവമെന്താണെന്ന് താങ്കള്‍ക്കാ പാവങ്ങള്‍ ഗദ്ഗദത്തോടെ പറഞ്ഞുതരും.

ഇതിനൊക്കെ എവിടെനിന്നാണ് പണം അല്ലേ? താങ്കളുടെ മൗനത്തില്‍ ആ ചോദ്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മദ്യമാഫിയ? അതോ ലോട്ടറി മാഫിയയോ? ആ കറുത്ത നോട്ടുകെട്ടുകള്‍ സോളിഡാരിറ്റിക്ക് വേണ്ട. പാപത്തിന്റെ ശമ്പളം സോളിഡാരിറ്റിക്കു ചേരില്ല. വിദേശഫണ്ടുകള്‍ ആരോപിക്കുകയും വേണ്ട. പണം കേരളത്തിലെ നല്ല മനുഷ്യരുടെ കാരുണ്യമുള്ള കൈകളിലുണ്ട്. അര്‍ഹര്‍ക്കിതെത്തിക്കുവാനുള്ള വിശ്വസ്തമായ കരങ്ങളാണില്ലാതായത്. സോളിഡാരിറ്റിയില്‍ അവര്‍ വിശ്വാസ്യതയുടെ തെളിമ കാണുന്നു. നേരും നെറിയും തൊട്ടറിയുന്നു. അതിനാലവര്‍ പണം തരുന്നു. ഹൃദയപൂര്‍വം ലഭിക്കുന്ന പണത്തിന്റെ കൂടെ യുവതയുടെ കായികാധ്വാനവും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. സേവനത്തിന്റെ പുതിയൊരു സംസ്‌കാരം. ഇതുതന്നെയല്ലേ നാടിനാവശ്യം.പുതിയൊരു കേരളമാണ് സോളിഡാരിറ്റിയുടെ സ്വപ്നം. നീതിയും ന്യായവും പുലരുന്ന കേരളം. നേരും നെറിയും മരിക്കാത്ത കേരളം. നമ്മുടെ വികസനം മനുഷ്യത്വപൂര്‍ണ്ണമാവണം. നമ്മുടെ നാട് തീവ്രവാദ-വര്‍ഗീയമുക്തമാവണം. നാടിന്റെ രാഷ്ട്രീയം ജനപക്ഷ രാഷ്ട്രീയമാവണം. കര്‍മശേഷിയുള്ള യുവാക്കളാണ് പുതിയ കേരളത്തിന്റെ കരുത്തുറ്റ ഈടുവെപ്പ്. യുവത്വത്തിന്റെ ഉള്‍ത്തുടിപ്പും സമര്‍പ്പണവുമാണ് നല്ലൊരു നാളെയുടെ സൃഷ്ടിപ്പിനാവശ്യം. യൗവനത്തിന്റെ കരുത്തിലും നെഞ്ചുറപ്പിലും സോളിഡാരിറ്റിക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. താങ്കള്‍ നന്മയെ സ്‌നേഹിക്കുന്ന ആളാണല്ലോ. അതിനാല്‍ നാടിനുവേണ്ടി നാം കൈകോര്‍ത്തേ മതിയാവൂ. തിന്മയുടെ ശക്തികളോട് നാം പൊരുതിയേ തീരൂ. സമ്പൂര്‍ണ നീതിയുടെ പക്ഷംചേരാന്‍, ജനകീയരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍, നിസ്വാര്‍ത്ഥസേവനം നാടിനുവേണ്ടി സമര്‍പ്പിക്കാന്‍ താങ്കളുണ്ടാവുമെന്ന് സോളിഡാരിറ്റിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ യുവത്വം നഷ്ടപ്പെടും മുമ്പ്, നെഞ്ചുറപ്പ് മായും മുമ്പ്, നിസ്സംഗത പിടികൂടുംമുമ്പ് താങ്കളെ സോളിഡാരിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നു.

(സോളിഡാരിറ്റി സംഘടനാ കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ)

അഭിപ്രായങ്ങളൊന്നുമില്ല: